തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വീണ്ടും വില കൂടുന്നു. മിൽമയുടെ പച്ച, മഞ്ഞ കവറുകളിലെ പാലിനാണ് വില കൂടുന്നത്. 29 രൂപയായിരുന്ന മിൽമ റിച്ചിന് 31 രൂപയും 24 രൂപയുടെ മിൽമ സ്മാർട്ടിന് 25 രൂപയും ആകും. അതേസമയം ഏറെ ആവശ്യക്കാരുള്ള നീല കവർ പാലിന് വില കൂടില്ല.

റിപൊസിഷനിങ് മിൽമ എന്ന പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ വില കൂടുന്നത്. ബ്രാൻഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ഏകീകൃത രീതിയിലുള്ള പാക്കിങ്, ഡിസൈൻ, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുന്ന പദ്ധതിയാണിത്. എന്നാൽ വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് വിശദീകരണം. നേരത്തെ മറ്റു ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ റിച്ചും സ്മാർട്ട് കൂടിയിരുന്നില്ലെന്നും വിശദീകരണത്തിൽ പറയുന്നു.

നിലവിൽ മൂന്നു മേഖല യൂണിയനുകൾ പുറത്തിറക്കുന്ന പാൽ ഒഴിച്ചുള്ള ഉൽപന്നങ്ങളുടെ പാക്കിങും തൂക്കവും വിലയും ഒരുപോലെ അല്ല. ഇതു മാറി ഏകീകൃത രീതി നടപ്പാക്കാനുള്ള പ്രവർത്തനം ഒരു വർഷം മുൻപാണ് മിൽമ ആരംഭിച്ചത്. രാജ്യാന്തര വിപണിയിലടക്കം മിൽമയുടെ സാന്നിധ്യം വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *