തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം ട്രയൽ റൺ ഇന്ന് രാവിലെ 5.20നു തിരുവനന്തപുരം സെൻട്രലിൽ നിന്നും ആരംഭിച്ചു. ട്രെയിൻ കാസർകോടു വരെ സർവീസ് നടത്തും. 50 മിനിറ്റിൽ ട്രെയിൻ കൊല്ലത്തെത്തി. ആദ്യത്തെ പരീക്ഷണ ഓട്ടത്തിലും ഇതേ സമയമായിരുന്നു. മൂന്നു മണിക്കൂർ 12 മിനിറ്റിലാണ് ട്രെയിൻ എറണാകുളത്ത് എത്തിയത്. ആദ്യ യാത്രയേക്കാൾ 6 മിനിറ്റ് കുറവ്. കാസർഗോഡ് വരെ എട്ടര മണിക്കൂറാണു ആകെ പ്രതീക്ഷിക്കുന്ന യാത്രാസമയം. നിലവിൽ ഈ റൂട്ടിൽ വേഗമേറിയ സർവീസായ തിരുവനന്തപുരം – നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിന്റെ സമയം 8 മണിക്കൂർ 59 മിനിറ്റാണ്. ഇത് ആലപ്പുഴ വഴിയായതിനാൽ ദൂരം 15 കിലോമീറ്റർ കുറവാണ്. വന്ദേഭാരത് കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്.

തിരുവനന്തപുരം– കണ്ണൂർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ നിരവധിപേരുടെ ആവശ്യത്തെ തുടർന്നാണു കാസർകോടുവരെ നീട്ടിയത്. ഇതോടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്ന സിൽവർലൈൻ വേഗ റെയിൽ പദ്ധതിയുടെ ദൂരമത്രയും വന്ദേഭാരത് യാത്ര സാധ്യമാകും. തുടക്കത്തിൽ 8 കോച്ചുമായിട്ടാകും വന്ദേഭാരത് സർവീസ് നടത്തുക. ഒരേസമയം തിരുവനന്തപുരത്തുനിന്നും കാസർകോട്ടുനിന്നും പുറപ്പെടുന്നവിധം ഏതാനും മാസങ്ങൾക്കകം സർവീസ് ക്രമീകരിക്കുമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വന്ദേഭാരതിന്റെ ആശയത്തെത്തന്നെ ഇല്ലാതാക്കുമെന്നതിനാൽ കൂടുതൽ സ്റ്റോപ് അനുവദിക്കില്ലെന്നും പകരം കൂടുതൽ ട്രെയിനുകൾ അനുവദിക്കുമെന്നും ട്രെയിനിന്റെ നിരക്കുകൾ വൈകാതെ നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *