തിരുവനന്തപുരം: വെള്ളനാട് മയക്കുവെടിയേറ്റ കരടി മുങ്ങിച്ചത്ത സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയാണ് ഉണ്ടായത്. ഉദ്യോഗസ്ഥര്‍ വിവേചന ബുദ്ധിയോടെ പെരുമാറേണ്ടിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടി. വിശദമായ റിപ്പോര്‍ട്ട് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കരടിയെ രക്ഷപ്പെടുത്തുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നു ജില്ലാ വനം വകുപ്പ് ഓഫിസർ വ്യക്തമാക്കി. വെള്ളത്തിൽ കിടക്കുന്ന വന്യമൃഗത്തെ പിടികൂടുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ ഉണ്ട്. എന്നാൽ, കിണറ്റിൽ വീണ കരടിയെ പുറത്തെടുക്കുന്നതിൽ അതു പാലിച്ചിട്ടില്ലെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കരടി മുങ്ങിച്ചത്തതു തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ആന്തരികാവയവങ്ങളിലടക്കം വെള്ളം കയറി. മയക്കുവെടിക്കുശേഷം അന്‍പതു മിനിറ്റോളം കരടി വെള്ളത്തില്‍ കിടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.