തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. വന്ദേഭാരത് ട്രെയിനിലെ സി വൺ കോച്ചില്‍ കയറിയ പ്രധാനമന്ത്രി സ്കൂൾ വിദ്യാർഥികളുമായി സംവദിച്ചു. കേന്ദ്രീയ വിദ്യാലയത്തിലെ അടക്കം തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ഈ കോച്ചിൽ സഞ്ചരിക്കുന്നത്.

കൊച്ചിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ശശി തരൂർ എംപി എന്നിവർ ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്നുള്ള യാത്രയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തമ്പാനൂരിൽ എത്തിയത്.

ഉദ്ഘാടന യാത്രയിൽ 14 സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും. പ്രധാനമന്ത്രി ട്രെയിനിൽ യാത്ര ചെയ്യില്ല. ജല മെട്രോ, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. പാളയം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിലാണു വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും തുടക്കം കുറിക്കുകയും ചെയ്യുന്നത്. റെയിൽവേയുമായി ബന്ധപ്പെട്ട് 1900 കോടി രൂപയുടെ വികസന പദ്ധതികളാണു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യുന്നത്.

വിവിധ ജില്ലകളിലെ പദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവുമാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെ സമ്മേളനത്തിൽ നിർവഹിക്കുന്നത്. ഉദ്ഘാടനത്തിനു ശേഷം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ സൂറത്തിലേക്കു പോകും. ഉദ്ഘാടന ചടങ്ങിനു ശേഷം കേന്ദ്ര റെയിൽവേ മന്ത്രി നേമം, കൊച്ചുവേളി റെയിൽ‍വേ ടെർമിനലുകൾ സന്ദർശിക്കും.

Leave a Reply

Your email address will not be published. Required fields are marked *