തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിൻറെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. 232 കോടി രൂപ മുതല്‍ മുടക്കില്‍ സ്ഥാപിച്ച എഐ ക്യാമറകളുടെ കരാറില്‍ ദുരൂഹതകളുണ്ട്. യാതൊരു സുതാര്യതയുമില്ലാത്ത ഈ പദ്ധതി സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല. കരാര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍, ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാർ, കെല്‍ട്രോണ്‍ നടത്തിയ ടെന്‍ഡര്‍ നടപടിയുടെ വിവരം, കരാര്‍ സംബന്ധിച്ച നോട്ട് ഫയല്‍, കറന്റ് ഫയല്‍ എന്നിവ ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ:

സംസ്ഥാനത്തു സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് 232 കോടി രൂപ മുതല്‍ മുടക്കില്‍ സ്ഥാപിച്ച എഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹതകളാണ്. യാതൊരു സുതാര്യതയുമില്ലാത്ത ഈ പദ്ധതിയെ സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഈ പദ്ധതി സംബന്ധിച്ചു എനിക്ക് ലഭ്യമായ രേഖകള്‍ പരിശോധിച്ചപ്പോള്‍ തന്നെ മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ക്യാമറകള്‍ വാങ്ങിയതെന്നും, കരാര്‍ കമ്പനികളെ തിരഞ്ഞെടുത്തതിൽ സുതാര്യത പുലര്‍ത്തിയിട്ടില്ലെന്നും മനസ്സിലാക്കാന്‍ സാധിച്ചു.

എഐ ക്യാമറ പദ്ധതിയുടെ നടത്തിപ്പിനായി ഗതാഗത വകുപ്പ് കെല്‍ട്രോണിനെ ചുമതലപ്പെടുത്തിയതായി അറിയാന്‍ സാധിച്ചു. ഇത് സംബന്ധിച്ച ഒരു സര്‍വീസ് ലെവല്‍ എഗ്രിമെന്റ് നിലനില്‍ക്കുന്നതായി അറിയുന്നു. എന്നാല്‍ ഈ എഗ്രിമെന്റ് പൊതുജനമധ്യത്തില്‍ ലഭ്യമല്ല. ഈ എഗ്രിമെന്റിലെ വ്യവസ്ഥകള്‍ക്കെതിരായാണ് കെല്‍ട്രോണ്‍ പ്രവര്‍ത്തിച്ചത് എന്നാണ് ഇപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. മാര്‍ക്കറ്റില്‍ രാജ്യാന്തര കമ്പനികളുടേതടക്കം നിരവധി എഐ ക്യാമറകള്‍ ലഭ്യമായുള്ളപ്പോള്‍, ഉയര്‍ന്ന നിരക്കില്‍ ക്യാമറകളുടെ സാമഗ്രികള്‍ വാങ്ങി അസ്സംബിള്‍ ചെയ്യുകയാണ് കെല്‍ട്രോണ്‍ ചെയ്തത്. മാര്‍ക്കറ്റില്‍ ലഭ്യമായുള്ള കാമറകള്‍ക്ക് വാറന്റിയും മെയിന്റനന്‍സും സൗജന്യമായി ലഭിക്കുമ്പോള്‍ ഇതിനായി ഭീമമായ തുകയാണ് കെല്‍ട്രോണ്‍ അധികമായി കരാറില്‍ വകയിരുത്തിയിരിക്കുന്നത്. ഇത് അഴിമതിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

കൂടാതെ, ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുത്ത കെല്‍ട്രോണ്‍ പിന്നീട് കരാര്‍ കമ്പനികളെ തിരഞ്ഞെടുക്കുന്നതും, മെയിന്റനന്‍സ് അടക്കമുള്ള ജോലികള്‍ അധികമായി നല്‍കിയതിലും ദുരൂഹത നിലനില്‍ക്കുന്നു. ധനവകുപ്പിന്റെ എതിര്‍പ്പുകളെ പോലും മറികടന്നു കെല്‍ട്രോണിനെ ഈ പദ്ധതിയുടെ ചുമതല ഏൽപിച്ചത് അഴിമതി നടത്താനാണ് എന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. അതോടൊപ്പം 232 കോടി രൂപയ്ക്ക് പദ്ധതി നടത്തിപ്പിനായി ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാറിനെ തുടര്‍ന്ന്, കെല്‍ട്രോണ്‍ ഈ പദ്ധതിയുടെ കരാര്‍ എസ്ആര്‍ഐടി എന്ന ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് 151 കോടി രൂപയ്ക്കു നല്‍കി.

എസ്ആര്‍ഐടി എന്ന സ്ഥാപനമാകട്ടെ കരാര്‍ ലഭിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നാലാഞ്ചിറയിലുള്ള ലൈറ്റ് മാസ്റ്റര്‍ ലൈറ്റിങ് ഇന്ത്യ ലിമിറ്റഡ്, കോഴിക്കോട് മലാപ്പറമ്പിലുള്ള പ്രസാഡിയോ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുമായി ചേർന്നു കണ്‍സോര്‍ഷ്യത്തിനു രൂപം നല്‍കി. ഇതില്‍നിന്നും എസ്ആര്‍ഐടി എന്ന സ്ഥാപനത്തിന് സ്വന്തമായി ഈ പദ്ധതി നടപ്പിലാക്കാനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ലെന്ന് വ്യക്തമാണ്. ഇങ്ങനെ സാങ്കേതിക പരിജ്ഞാനമില്ലാത്ത കമ്പനിക്ക് എന്തടിസ്ഥാനത്തില്‍ കരാര്‍ ലഭിച്ചു എന്നതും അന്വേഷിക്കേണ്ടതുണ്ട്. കെല്‍ട്രോണ്‍ നല്‍കിയ ടെൻഡറില്‍ ആരൊക്കെ പങ്കെടുത്തെന്നും ഏത് കമ്പനിയെയാണ് തിരഞ്ഞെടുത്തതെന്നും മന്ത്രിസഭായോഗ കുറിപ്പില്‍ പോലും വ്യക്തമാക്കാത്തതു ജനങ്ങളില്‍ ദുരൂഹത വര്‍ധിപ്പിക്കാന്‍ ഇടയാക്കി. ഈ സാഹചര്യത്തില്‍ കരാര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍, ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ എഗ്രിമെന്റ്, കെല്‍ട്രോണ്‍ നടത്തിയ ടെന്‍ഡര്‍ നടപടിയുടെ വിവരം, കരാര്‍ സംബന്ധിച്ച നോട്ട് ഫയല്‍, കറന്റ് ഫയല്‍ എന്നിവ ലഭ്യമാക്കാന്‍ താൽപര്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *