പെരുമ്പാവൂർ: പ്ലൈവുഡ് കമ്പനി വളപ്പിൽ മാലിന്യക്കൂമ്പാരത്തിലെ പുക അണയ്ക്കാനുള്ള ശ്രമത്തിനിടെ മാലിന്യക്കുഴിയിൽ വീണ അതിഥി തൊഴിലാളി മരിച്ചു. സുരക്ഷാ ജീവനക്കാരനായ ബംഗാൾ സ്വദേശി നസീർ (23) ആണു മരിച്ചത്. നസീറിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഉടലിന്റെ ഭാഗങ്ങളും കാൽപാദത്തിന്റെ അസ്ഥിയുമാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ, തലയോട്ടി ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതിനായി തിരച്ചിൽ തുടരുന്നുണ്ട്.
അഗ്നിരക്ഷാ സേനയും പൊലീസും ഉൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇന്നലെ വൈകിട്ട് വരെ കണ്ടെത്താനായിരുന്നില്ല. പൊലീസിന്റെ നേതൃത്വത്തിൽ ഹിറ്റാച്ചി ഉപയോഗിച്ച് ഇന്നു രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. രാവിലെ എട്ടു മണിയോടെയാണ് മൃതദേഹ ഭാഗങ്ങൾ ലഭിച്ചത്.
ഓടക്കാലി യൂണിവേഴ്സൽ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന നസീർ, ഇന്നലെ രാവിലെ 6.30നാണ് കുഴിയിൽ വീണത്. മാലിന്യ കൂമ്പാരത്തിൽ നിന്നു പുക ഉയരുന്നു കണ്ട് പൈപ്പിൽ നിന്നു വെള്ളം ചീറ്റിച്ചു തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ നസീർ താഴേക്കു വീഴുകയായിരുന്നു. 15 അടിക്കുമേൽ താഴ്ചയുള്ള മാലിന്യ കുഴിയിലേക്കാണ് ഇയാൾ വീണത്. സംഭവം കണ്ട മറ്റൊരു അതിഥിത്തൊഴിലാളി ഹോസ് ഇട്ടു കൊടുത്തു രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.