വീടുകളിലെയും ഓഫീസുകളിലെയും ജൈവമാലിന്യ നിർമാർജന മേഖലയിൽ കൂടുതൽ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായി ജീബിന്നുമായി സഹകരണ വകുപ്പ് രംഗത്ത്. സഹകരണ വകുപ്പ് തുടക്കമിട്ട യുവജന സംഘങ്ങളിൽ ഒന്നായ കോട്ടയത്തെ ഇ-നാട് യുവജനസംഘം പുറത്തിറക്കിയ ഉറവിട ജൈവമാലിന്യ സംസ്‌കരണ പദ്ധതിയാണ് ജീബിൻ. നിലവിൽ സംസ്ഥാനത്ത് 74 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ജീബിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉറവിട മാലിന്യ സംസ്‌കരണം നടത്താൻ കരാറായതായി സഹകരണ മന്ത്രി വി.എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജീബിന്നിന്റെ ആപ്പ് മന്ത്രി പുറത്തിറക്കി.

 

ഇന്ത്യയിലെ ആദ്യത്തെ മൾട്ടിലെയർ എയറോബിക് ബിൻ സിസ്റ്റമാണ് ജീബിൻ. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ സ്റ്റാർട്ട്അപ് ആയ ഫോബ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇതിനുവേണ്ട സാങ്കേതിക വിദ്യ നിർമിച്ചത്. മൂന്നു ബിന്നുകൾ ഒന്നിന് മുകളിൽ ഒന്നായി സ്ഥാപിച്ചിരിക്കുന്ന യൂണിറ്റാണ് ജീബിൻ. ഓരോ വീട്ടിലും ജീബിൻ സ്ഥാപിച്ചശേഷം അവിടത്തെ ജൈവമാലിന്യം കൃത്യമായി നിക്ഷേപിക്കുക. അഞ്ച് അംഗങ്ങളുള്ള ഒരു വീട്ടിൽ 25 മുതൽ 30 ദിവസം വരെയുള്ള മാലിന്യം ഒരു ബിന്നിൽ നിക്ഷേപിക്കാം.

മാലിന്യം ഉണ്ടാകുമ്പോൾ തന്നെ ബിന്നിൽ നിക്ഷേപിച്ച ശേഷം വൈകീട്ട് മാലിന്യത്തിന് മുകളിൽ അല്പം ഇനോക്കുലം വിതറി നന്നായി ഇളക്കുക. ഒന്നാമത്തെ ബിൻ നിറഞ്ഞ ശേഷം രണ്ടാമത്തെ ബിന്നും പിന്നീട് മൂന്നാമത്തേതും ഉപയോഗിക്കുക. അപ്പോഴേക്കും ഒന്നാമത്തെ ബിന്നിലെ മാലിന്യം ഒന്നാന്തരം ജൈവവളമായി മാറിയിട്ടുണ്ടാകും. ആപ്പ് വഴി ജീബിന്നും ഇനോക്കുലവും ഓർഡർ ചെയ്യാൻ സാധിക്കും. ഗുണഭോക്താവിന് ബിന്നിന്റെ പ്രവർത്തനം സംബന്ധിച്ച സംശയങ്ങളും പരാതികളും ബോധിപ്പിക്കാനും ആപ്പ് സഹായിക്കും. ജീബിന്നുമായി കരാർ ഒപ്പുവെച്ചവരിൽ കോഴിക്കോട് കോർപ്പറേഷൻ, ഏറ്റുമാനൂർ നഗരസഭ തുടങ്ങിയവ ഉൾപ്പെടുന്നു.

 

കോഴിക്കോട് കോർപ്പറേഷന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 26,250 ജീബിൻ യൂണിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ ലഭിച്ചതായി മന്ത്രി അറിയിച്ചു. മലിനശല്യമോ ദുർഗന്ധമോ പുഴുവിന്റെ ശല്യമോ ഇല്ലാതെ അടുക്കളയിലെ ജൈവ മാലിന്യം സംസ്‌കരിച്ച് ഉത്തമ ജൈവവളമാക്കി മാറ്റുന്ന നൂതന ഉത്പന്നമാണ് ജീബിൻ എന്ന് അദ്ദേഹം പറഞ്ഞു. ഒരു ഗുണഭോക്താവിന് 430 രൂപയാണ് ജീബിൻ സ്ഥാപിക്കാൻ സബ്‌സിഡി കഴിച്ച് മുടക്കേണ്ടി വരിക. ഇതിലൂടെ ലഭിക്കുന്ന വളം  ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കാനും സഹകരണ വകുപ്പിന് പദ്ധതിയുണ്ട്. വാർത്താസമ്മേളനത്തിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി,  സഹകരണ വകുപ്പ് രജിസ്റ്റാർ ടി.വി സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *