തിരുവനന്തപുരം: പ്രഖ്യാപിച്ച സമയങ്ങളില്‍ റെയിൽവേ സ്റ്റേഷനുകളിൽ എത്താനാകാതെ വന്ദേഭാരത് എക്സ്പ്രസ്. കോട്ടയത്തിനും കണ്ണൂരിനും ഇടയ്ക്കുളള സ്റ്റോപ്പുകളിലാണ് നിശ്ചിത സമയത്തില്‍ നിന്ന് 20 മിനിറ്റ് വരെ ട്രെയിന്‍ വൈകി എത്തിയത്. ഇവിടങ്ങളിൽ ട്രാക്ക് നവീകരണ ജോലികള്‍ നടക്കുന്നതിനാലുളള വേഗനിയന്ത്രണമാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

തിരുവനന്തപുരത്തുനിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന വന്ദേഭാരത് 6.07ന് കൊല്ലത്തെത്തണം. തിങ്കളാഴ്ച മൂന്ന് മിനിറ്റ് വൈകി 6.10നാണ് ട്രെയിനെത്തിയത്. മൂന്നു മിനിറ്റ് വൈകിയാണ് കോട്ടയത്തെത്തിയതും. 8.17ന് എറണാകുളത്ത് എത്തേണ്ട വന്ദേഭാരത് 12 മിനിറ്റ് വൈകി 8.29 നാണ് നോര്‍ത്ത് സ്റ്റേഷനില്‍ നിര്‍ത്തിയത്. തൃശൂരിൽ 9.22ന് എത്തേണ്ട ട്രെയിന്‍ 13 മിനിറ്റ് വൈകി 9.35നാണ് എത്തിയത്.

തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ സമയ വ്യത്യാസം 7 മിനിറ്റായി കുറഞ്ഞു. 11.03ന് കോഴിക്കോട്ട് എത്തേണ്ട വന്ദേഭാരത് 11 മിനിറ്റ് വൈകി. കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ താമസം 20 മിനിറ്റ് ആയി ഉയര്‍ന്നു. എന്നാല്‍, കൃത്യസമയമായ 1.25ന് തന്നെ കാസര്‍കോട് എത്താനായെന്ന് റെയിൽവേ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *