തിരുവനന്തപുരം: കേന്ദ്ര സർക്കാർ അനുമതി നൽകാത്തതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും മാറ്റ് മന്ത്രിമാരുടെയും യുഎഇ സന്ദർശനം റദ്ദാക്കി. അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകളുടെ പരിപാടികളിലും പങ്കെടുക്കുന്നതിനായി യുഎഇ സർക്കാരിന്റെ ക്ഷണ പ്രകാരമാണ് മുഖ്യമന്ത്രി പോകാൻ തീരുമാനിച്ചത്. മന്ത്രിമാരായ പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി വി.പി.ജോയി എന്നിവർ അടങ്ങുന്ന 9 അംഗ സംഘമാണ് മേയ് 7 നു പോകാനിരുന്നത്.

എന്നാൽ ഇത്തരം സംഗമത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടതില്ലെന്നും പകരം ഔദ്യോഗിക സംഘത്തെ അയച്ചാൽ മതിയെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. 8 മുതൽ 10 വരെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലാണ് നിക്ഷേപക സംഗമം നടക്കുന്നത്. യുഎഇ മന്ത്രി ഡോ.താനി അഹമ്മദ് അൽ സെയൂദിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. വിദേശ രാജ്യങ്ങൾ നേരിട്ടു മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിക്കുന്നതിന്റെ അനൗചിത്യമാണ് അനുമതി നിഷേധിക്കാൻ കാരണമെന്നാണ് വിശദീകരണം. അനുമതിക്കുള്ള അപേക്ഷ ഒരു മാസത്തോളം പരിഗണനയിൽ വച്ച ശേഷമാണ് കേന്ദ്ര സർക്കാർ നിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *