കുമളി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്നാടിനു തലവേദനയാകുന്നു. ആന ജനവാസ മേഖലയിലിറങ്ങിയതോടെ മേഘമല, തേനി പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മേഘമലയിൽ വിനോദസഞ്ചാരികൾ എത്തുന്നത് വനംവകുപ്പ് നിരോധിച്ചു. പ്രദേശത്ത് 144 പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണു വിവരം.
അരിക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത് തേനി ജില്ലാ ഫോറസ്റ്റ് ഓഫിസറും ജില്ലാ പൊലീസ് സൂപ്രണ്ടും നേരിട്ട് മേഘമലയിൽ പരിശോധന നടത്തി. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ മേഘമലയിൽ ക്യാംപ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയും അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങിയത് ആശങ്കയുണ്ടാക്കുന്നുണ്ട്. മേഘമല ഹൈവേസ് ഡാമിനുസമീപം കൃഷി നശിപ്പിക്കാന്‍ ശ്രമിച്ച ആനയെ തൊഴിലാളികളും വനപാലകരും ചേര്‍ന്ന് കാട്ടിലേയ്ക്കു തുരത്തി ഓടിച്ചു.