മലപ്പുറം: താനൂർ ബോട്ടപകടത്തിനു കാരണം ജീവനക്കാരുടെയും ഉടമയുടെയും അനാസ്ഥയാണെന്ന് വിവരം. യാത്രക്കാരെ കയറ്റാൻ മതിയായ സംവിധാനങ്ങളില്ലാത്ത ബോട്ട് വിനോദസഞ്ചാരത്തിനുള്ള അനുമതി ഇല്ലാതെയാണ് സർവീസ് നടത്തിയത്. യാത്ര തുടങ്ങിയപ്പോൾത്തന്നെ, ബോട്ട് ചരിഞ്ഞാണു പോകുന്നതെന്ന് നാട്ടുകാർ ജീവനക്കാർക്കു മുന്നറിയിപ്പു നൽകി. എന്നാലിത് അവഗണിച്ച് യാത്ര തുടർന്ന ബോട്ട് പുഴയിലേക്ക് അര കിലോമീറ്റർ സഞ്ചരിച്ചപ്പോൾ ഇടത്തേക്കു ചരിഞ്ഞ് കീഴ്‌മേൽ മറിയുകയായിരുന്നു.

സർവീസ് നടത്താൻ അനുമതിക്കായി ബോട്ട് ഉടമ മുനിസിപ്പാലിറ്റിയിൽ നൽകിയ അപേക്ഷ, രേഖകൾ കൃത്യമല്ലാത്തതിനാൽ പരിഗണിച്ചിട്ടില്ല. എന്നാൽ, മുനിസിപ്പാലിറ്റിയുടെ അനുമതി വേണ്ടെന്ന തീരുമാനത്തോടെ ഇവർ സർവീസ് നടത്തുകയായിരുന്നു. പെരുന്നാൾ ദിനത്തിലടക്കം കൂടുതൽ ആളുകളെ കയറ്റി സർവീസ് നടത്താൻ ഇവർ ശ്രമിച്ചിരുന്നു. അന്ന് മത്സ്യത്തൊഴിലാളികൾ തടയുകയും പൊലീസിനെ വിവരം അറിയിച്ച് സർവീസ് നിർത്തിവയ്പിക്കുകയുമായിരുന്നു. എന്നാൽ പിന്നീടും ഇവർ സർവീസ് നടത്തി.

അപകട‌സാധ്യതയുണ്ടെന്ന് ബോട്ട് ജീവനക്കാർക്ക് മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പു നൽകിയിരുന്നെന്ന് മത്സ്യത്തൊഴിലാളി നേതാവ് പറഞ്ഞു. കുട്ടികളെ കൂടാതെ 39 പേർക്കാണ് ബോട്ടിൽ ടിക്കറ്റ് നൽകിയിരുന്നതെന്നാണ് സൂചന. കോസ്റ്റൽ പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും എൻഡിആർഎഫിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. അപകടത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരിൽ ഏഴുകുട്ടികളുമുണ്ട്. ഒൻപതുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *