മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. നാസറിനെ താനൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് നടത്തിയശേഷം പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇയാളെ അപകടസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. ഇതിനായി കോടതിയിൽ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ തീരുമാനം. താനൂർ ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇന്നലെ കോഴിക്കോട്ടു നിന്ന് പിടിയിലായ നാസറിനെ ജനരോഷം കണക്കിലെടുത്ത് താനൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നില്ല. ഇയാളുടെ അറസ്റ്റ് വിവരമറിഞ്ഞ് ഒട്ടേറെപ്പേരാണ് താനൂർ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയത്. തുടർന്ന് നാസറിനെ മലപ്പുറം പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു.
ബോട്ടിന്റെ സ്രാങ്ക് താനൂർ ഒട്ടുംപുറം സ്വദേശി ദിനേശനും ജീവനക്കാരൻ രാജനും ഇപ്പോഴും ഒളിവിലാണ്. അപകടത്തിനു പിന്നാലെ നീന്തി കരയ്ക്കെത്തിയ ഇരുവരും രക്ഷപ്പെട്ടുവെന്നാണ് നിഗമനം. ഇവരും അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന ധാരണയിൽ നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.