കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കെത്തിയ സ്കൂൾ അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടു. മറ്റ് 2 പേർക്കും കുത്തേറ്റിട്ടുണ്ട്. കൊല്ലം അസീസിയ മെഡിക്കൽ കോളെജിലെ വിദ്യാർത്ഥിയായ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദനദാസ് (23) ആണ് മരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുകയായിരുന്നു. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് വന്ദന.

ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. കുത്തേറ്റ വന്ദനയെ ഉടൻ തന്നെ കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്ത് കിംസ്ഹെൽത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സംഭവത്തിൽ പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപി(42)നെ പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവരാണ് കുത്തേറ്റവർ. ഇന്നലെ രാത്രി മുതൽ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാൾ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *