തിരുവനന്തപുരം: ഡോ. വന്ദനാ ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിനു വിട്ടുകൊടുത്തുവെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സംഭവത്തിൽ പൊലീസിന് ദീർഘവീക്ഷണം ഇല്ലാതെ പോയെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. സന്ദീപിനെ ഡോക്ടറുടെ അടുത്ത് എന്തുകൊണ്ട് ഒറ്റയ്‌ക്കാക്കി, രക്തബന്ധമുള്ള കുട്ടിയായിരുന്നെങ്കിൽ പൊലീസ് അങ്ങനെ ചെയ്യുമായിരുന്നോ എന്നും സുരേഷ് ഗോപി ചോദിച്ചു.

“ആ വന്ന പൊലീസുകാരിൽ ഒരാളുടെ, അല്ലെങ്കിൽ എല്ലാവരുടെയും ഒരു അടുത്ത ബന്ധുവും രക്തബന്ധമുള്ള കുട്ടിയുമായിരുന്നു ആ ഡോക്ടറെങ്കിൽ അവർ ഈ പറയുന്ന 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ടു നിൽക്കുമായിരുന്നോ? എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവർക്ക് സത്യത്തിൽ ഉണ്ടായിരുന്നെങ്കിൽ, അവർ അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ ഉദ്യോഗസ്ഥരോടു ചോദിക്കാനുള്ളൂ.” – സുരേഷ് ഗോപി പറഞ്ഞു.

ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച നെടുമ്പന ഗവ. യുപി സ്കൂൾ അധ്യാപകൻ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ എസ്.സന്ദീപിന്റെ കുത്തേറ്റാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് (25) കൊല്ലപ്പെട്ടത്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന.

Leave a Reply

Your email address will not be published. Required fields are marked *