നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഗേറ്റ് കോംപ്ലക്‌സ് ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. തുറമുഖ നിർമാണ പ്രവൃത്തിയുടെ മാസാന്ത്യ അവലോകന യോഗത്തിന് ശേഷം വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തുറമുഖത്തിന്റെ നിർമാണ പ്രവൃത്തി പ്രതീക്ഷിച്ച വേഗതയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട്. ഗേറ്റ് കോംപ്ലക്‌സ് ഉദ്ഘാടനം ഏപ്രിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആകെ 2241 മീറ്റർ നീളം വരുന്ന പുലിമുട്ടിന്റെ 2235 മീറ്റർ നിർമാണം പൂർത്തീകരിച്ചു. നേരത്തെ പ്രഖ്യാപിച്ച പോലെ ഓണത്തോടെ വിഴിഞ്ഞത്ത് ആദ്യ കപ്പൽ അടുക്കുമെന്നും മന്ത്രി അറിയിച്ചു.

തുറമുഖ നിർമാണ കമ്പനിയുമായുള്ള കരാർ പ്രകാരം പുലിമുട്ട് നിർമാണത്തിന്റെ 30 ശതമാനം പൂർത്തിയായാൽ തുകയുടെ 25 ശതമാനം ആയ 346 കോടി രൂപ കൈമാറണം. ഈ തുക മാർച്ചിൽ തന്നെ കൈമാറും.  മുഖ്യമന്ത്രിയുമായും സംസ്ഥാന സഹകരണ മന്ത്രിയുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അടിയന്തിരമായി സഹകരണ വകുപ്പിൽ നിന്ന് ആവും തുക ലഭ്യമാക്കുകയെന്ന് മന്ത്രി ദേവർകോവിൽ വ്യക്തമാക്കി.

റെയിൽ, ദേശീയപാത കണക്ടിവിറ്റിക്കായി 200 കോടി രൂപയും റെയിൽവേ പദ്ധതിക്ക് വേണ്ടി ഭൂമിയേറ്റെടുക്കലിന് 1150 കോടി രൂപയും ഉൾപ്പെടെ 3450 കോടി രൂപയാണ് മൊത്തം ആവശ്യമായിട്ടുള്ളത്. ഇത് ഹഡ്‌കോയിൽ നിന്ന് ബ്രിഡ്ജ് ലോൺ മുഖേന ലഭ്യമാക്കും. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് ആണ് റെയിൽവേ കരാർ ഏറ്റെടുത്തിരിക്കുന്നത്. റെയിൽവേ ലൈനിനായുള്ള ഭൂമി ഏറ്റെടുക്കൽ വരുന്ന ഒക്ടോബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യോഗത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാനേജിങ് ഡയറക്ടർ അദീല അബ്ദുള്ള,  തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ,  തുറമുഖ നിർമാണ കമ്പനിയുടെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *