പാലക്കാട്: ഡോക്ടർമാരെ അധിക്ഷേപിച്ചെന്ന ആരോപണം തള്ളി സിപിഎം നേതാവും കോങ്ങാട് എംഎൽഎയുമായ കെ.ശാന്തകുമാരി. ഡോക്ടർ ഭർത്താവിനെ തൊട്ടുനോക്കി മരുന്നു കുറിച്ചപ്പോൾ, തെർമോമീറ്റർ ഉപയോഗിക്കാത്തത് എന്തെന്നാണ് ചോദിച്ചതെന്ന് എംഎൽഎ വിശദീകരിച്ചു. ആശുപത്രിയിൽനിന്ന് രോഗിക്ക് കിട്ടേണ്ട പരിഗണന ലഭിച്ചില്ലെന്നും എംഎൽഎ കുറ്റപ്പെടുത്തി.

“നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നത്” എന്ന് എംഎൽഎ പറഞ്ഞതായാണ് ഡോക്ടർമാരുടെ ആരോപണം. പനിയെ തുടർന്ന് ഭർത്താവിനെ ഡോക്ടറെ കാണിക്കാനാണ് ഇന്നലെ രാത്രി എട്ടോടെ എംഎൽഎ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയത്. എന്നാൽ, വേണ്ട രീതിയിൽ പരിശോധനയും പരിഗണനയും കിട്ടിയില്ലെന്ന് ആരോപിച്ച് തർക്കം ഉണ്ടായി. ഇതിനിടെ എംഎൽഎയുടെ ഭാഗത്തു നിന്ന് പ്രകോപനപരമായ പരാമർശം ഉണ്ടായതായാണ് ഡോക്ടർമാരുടെ പരാതി.

‘‘ഇങ്ങനെ നോക്കിയാൽ ഞങ്ങൾക്ക് അറിയാം എന്നു പറഞ്ഞ് അവർ മരുന്ന് എഴുതിത്തന്നു. അങ്ങനെയല്ലല്ലോ വേണ്ടത് എന്ന് ഞാൻ പറഞ്ഞു. കാഷ്വാൽറ്റിയിൽ വരുന്ന രോഗികളോട് കുറച്ചുകൂടി മര്യാദയ്ക്ക് പെരുമാറേണ്ടേ? എന്തെങ്കിലും ചെയ്യേണ്ടേ എന്നു ചോദിച്ചു. ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോഴാണ് ഒരാൾ ഓപ്പറേഷൻ തിയറ്ററിന്റെ അവിടെപ്പോയി ഒരു തെർമോമീറ്റർ എടുത്തുകൊണ്ടുവന്ന് പരിശോധിച്ചത്.

ആ ഡോക്ടർ എന്നോട് പറഞ്ഞത്, “നിങ്ങൾ എംഎൽഎയൊക്കെ ആയിരിക്കും. ഇവിടെ മറ്റു രോഗികളും ഉള്ളത് കണ്ടില്ലേ”? എന്നാണ്. എംഎൽഎ ആയതുകൊണ്ട് എനിക്ക് പ്രത്യേക പരിഗണന കിട്ടണം എന്നല്ല പറയുന്നത്. എനിക്കു കിട്ടാനല്ല ഞാൻ പോയത്. എന്റെ ഭർത്താവിനെ കാണിക്കാനാണ് പോയത്. ഞങ്ങൾ സാധാരണക്കാർ പിന്നെ എവിടെയാണ് പോകുക? അല്ലാതെ ഞാൻ ഈ പറയുന്ന വാക്കേ ഉപയോഗിച്ചിട്ടില്ല – ശാന്തകുമാരി‍ വിശദീകരിച്ചു. .

Leave a Reply

Your email address will not be published. Required fields are marked *