കൊച്ചി: ബ്രഹ്മപുരത്തു ബയോമൈനിങ് നടത്താൻ സോണ്ട ഇൻഫ്രാടെക്കിനു നൽകിയ കരാർ സർക്കാർ റദ്ദാക്കും. അടിയന്തരമായി ബയോമൈനിങ് നടത്താൻ റീടെൻഡർ വിളിക്കും. നിലവിലുള്ള കരാർ അവസാനിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും പുതിയ കരാർ രണ്ടര മാസത്തിനകം നൽകുമെന്നും തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ദേശീയ ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു.

ബ്രഹ്മപുരത്തുണ്ടായ തീപിടിത്തത്തെ തുടർന്നു നടത്തിയ പരിശോധനയിൽ ബയോമൈനിങ് ശരിയായ രീതിയിലല്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി. കരാർ കമ്പനി മാലിന്യം ശരിയായ രീതിയിൽ തരം തിരിച്ചിട്ടില്ല. ബയോമൈനിങ് നടത്തി പുനരുപയോഗിക്കാവുന്ന വസ്തുക്കൾ നീക്കം ചെയ്ത ശേഷം ബാക്കി വരുന്ന റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ (ആർഡിഎഫ്) ബ്രഹ്മപുരത്തു നിന്ന് ഇതുവരെയും നീക്കിയിട്ടില്ല.

ബ്രഹ്മപുരത്ത് ബയോമൈനിങ് നടത്താൻ 54 കോടി രൂപയ്ക്കാണു കോർപറേഷൻ സോണ്ടയ്ക്കു കരാർ നൽകിയത്. ഇതിനകം 10.5 കോടി രൂപയോളം കമ്പനിക്കു നൽകി. മതിയായ പ്രവൃത്തി പരിചയമില്ലാത്ത സോണ്ടയ്ക്കു ബയോമൈനിങ് കരാർ നൽകിയതു നേരത്തേ വിവാദമായിരുന്നു. പുതിയ കരാർ നൽകുന്നതിൽ താമസമുണ്ടായാൽ വകുപ്പു തലത്തിൽ ബയോമൈനിങ് നടത്തുന്നതിനെ കുറിച്ച് ആലോചിക്കും. ബയോമൈനിങ് നടത്താൻ പൊതുമേഖല സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ നിന്നു സർക്കാർ സഹായം തേടിയിട്ടുണ്ട്. ബയോമൈനിങ് പൂർത്തിയാക്കാൻ ഇനിയും 9 മാസമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *