കൊച്ചി: വധശിക്ഷ പുനപരിശോധിക്കുകയെന്ന ചരിത്ര നീക്കവുമായി കേരള ഹൈക്കോടതി. ഏറെ വിവാദമായ ജിഷാ വധക്കേസ്, ആറ്റിങ്ങൽ ഇരട്ടക്കൊല എന്നീ കേസുകളിലെ പ്രതികളുടെ വധശിക്ഷയാണ് കോടതി പുനഃപരിശോധിക്കുന്നത്. ഇതിനായി മിറ്റിഗേഷൻ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഈ കേസുകളിലെ പ്രതികളുടെ സ്വഭാവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ജയിൽ വകുപ്പിന് കോടതി നിർദ്ദേശം നൽകി.

മിറ്റിഗേഷൻ അന്വേഷണത്തിലുടെ പ്രതികളുടെ സാമൂഹിക–സാമ്പത്തിക സാഹചര്യം, മാനസികനില, ഇവരനുഭവിച്ചിട്ടുള്ള പീഡനം എന്നിവയെല്ലാം പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും വധശിക്ഷയിൽ പുനഃപരിശോധന ആവശ്യമാണോയെന്ന് കോടതി തീരുമാനിക്കുക. സുപ്രീംകോടതി മാര്‍ഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നീക്കം. ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. പ്രതികളുടെ അഭിഭാഷകരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ആറ്റിങ്ങൽ ഇരട്ടക്കൊല കേസ് പ്രതി നിനോ മാത്യുവിനെ പൂജപ്പുര ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. ജിഷാ കൊലക്കേസ് പ്രതി മുഹമ്മദ് അമീറുൾ ഇസ്‌ലാം വിയ്യൂർ ജയിലിലാണുള്ളത്. ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം 2014–ലും ജിഷ വധം 2016–ലുമാണ് നടന്നത്. കേരളത്തിൽ ആദ്യമായാണ് മിറ്റിഗേഷൻ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുന്നത്. പ്രതികളുടെ മറ്റു പശ്ചാത്തലങ്ങൾ കൂടി പരിഗണിക്കണമെന്ന സുപ്രീംകോടതി മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *