തിരുവനന്തപുരം: കൊച്ചി കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍നിന്ന് വിട്ടുനിൽക്കാന്‍ നൽകിയ വിപ്പു ലംഘിച്ച ബിജെപി മഹിളാ മോർച്ച ദേശീയ സെക്രട്ടറി പദ്മജ എസ്.മേനോനെ സ്ഥാനത്തുനിന്ന് നീക്കിയതായി നേതൃത്വം അറിയിച്ചു. പദ്മജയെ പുറത്താക്കിയ വിവരം ഇന്നലെ ചേർന്ന സംസ്ഥാന സമിതിയോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വിശദീകരിച്ചു.

ഗുരുതരമായ അച്ചടക്ക ലംഘനമാണ് പദ്മജയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് നേതൃത്വം വിലയിരുത്തി. കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന പദ്മജ കോർപറേഷൻ യോഗത്തിന് എത്തില്ലെന്നായിരുന്നു നേതൃത്വത്തിന്റെ ധാരണ. യോഗത്തിനെത്തിയതോടെ വിപ്പ് നൽകിയെങ്കിലും അവർ കൈപ്പറ്റിയില്ലെന്ന് നേതൃത്വം പറയുന്നു. വിപ്പ് ലംഘിച്ചതോടെ കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലായിരുന്ന പദ്മജയെ അവിടെയുള്ള പ്രവർത്തനങ്ങളിൽനിന്ന് മാറ്റാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കലക്ടർക്ക് വിപ്പ് അടങ്ങിയ കത്ത് പാർട്ടി കൈമാറി. ദേശീയ നേതാവായതിനാൽ ബിജെപി ജില്ലാ നേതൃത്വത്തിന് നടപടിയെടുക്കാൻ കഴിയാത്തതിനാൽ കേന്ദ്ര നേതൃത്വത്തെ വിവരം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *