തിരുവനന്തപുരം: ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച കെ.വി.തോമസിന് ഒരു ലക്ഷം രൂപ പ്രതിമാസം ഓണറേറിയമായി നൽകാമെന്ന് ധനവകുപ്പ്. കോൺഗ്രസിൽനിന്ന് പുറത്താക്കിയ കെ.വി.തോമസിനെ ക്യാബിനറ്റ് റാങ്കോടെയാണു പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ചത്. ധനവകുപ്പിന്റെ നിർദേശം മന്ത്രിസഭ ചർച്ച ചെയ്തശേഷം തീരുമാനമെടുക്കും.
2023 ജനുവരി 18 ലെ മന്ത്രിസഭായോഗമാണ് കെ.വി.തോമസിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. ഡൽഹി കേരള ഹൗസിലാണ് കെ.വി.തോമസിന്റെ ഓഫിസ്. ശമ്പളം വേണ്ടെന്നും ഓണറേറിയം മതിയെന്നും ആവശ്യപ്പെട്ട് കെ.വി.തോമസ് സർക്കാരിനു കത്ത് നൽകിയിരുന്നു. സേവനത്തിനു പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നതിനെയാണ് ഓണറേറിയമെന്നു പറയുന്നത്. സർക്കാർ സർവീസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്കു പുനർനിയമനം നൽകിയാൽ അവസാനം വാങ്ങിയ ശമ്പളത്തിൽനിന്നു പെൻഷൻ കുറച്ച തുകയാണ് വേതനമായി അനുവദിക്കുക. ഓണറേറിയം നൽകിയാൽ കെ.വി.തോമസിന് എംപി പെൻഷൻ വാങ്ങുന്നതിനു തടസമുണ്ടാകില്ല.
ഡൽഹിയിൽ മന്ത്രിയായും എംപിയായും പ്രവർത്തിച്ച കെ.വി.തോമസിന്റെ സൗഹൃദങ്ങൾ സംസ്ഥാനത്തിനു മുതൽകൂട്ടാകുമെന്ന പ്രതീക്ഷയിലാണു സർക്കാർ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. സുഡാനിൽനിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയതെന്നാണ് സർക്കാർ വിലയിരുത്തല്‍.