തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണുകളിൽ തുടർച്ചയായി തീപിടിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോർപറേഷൻ കോവിഡ് കാലത്ത് മരുന്നു വാങ്ങിയതിനെക്കുറിച്ച് ലോകായുക്ത അന്വേഷണം നടക്കുമ്പോഴാണ് ആദ്യം കൊല്ലത്തും ഇപ്പോൾ തിരുവനന്തപുരത്തും ഗോഡൗണിൽ തീപിടിച്ചത്. സംഭവം ഗൗരവമായി അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. കെട്ടിടത്തിൽ മതിയായ സുരക്ഷയോ തീയണയ്ക്കാനുള്ള സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. അഴിമതിയുടെ തെളിവുകളാണ് കത്തിച്ചതെന്ന് സംശയമുണ്ടെന്നും സതീശൻ പറഞ്ഞു.
കൊല്ലത്ത് ഗോഡൗൺ കത്തിനശിച്ചിട്ടും അതേകാരണം കൊണ്ട് തിരുവനന്തപുരത്ത് തീ പിടിച്ചത് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രാഥമിക സുരക്ഷാ സംവിധാനങ്ങൾ ഗോഡൗണിൽ ഉണ്ടായിരുന്നില്ല. കോർപറേഷന്റെ ഗോഡൗണുകളിൽ തുടർച്ചയായി തീ പിടിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കണം.
“അഴിമതി പിടിക്കപ്പെടുമ്പോള്‍ തീപിടിക്കുന്നത് സര്‍ക്കാരിന്റെ പതിവ് തന്ത്രമാണ്. കുത്തഴിഞ്ഞ നിലയിലാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ പ്രവര്‍ത്തനം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സർക്കാർ സ്ഥാപനങ്ങളിൽ തീപിടിത്തം സ്ഥിരം സംഭവമാകുന്നു. സ്വർണക്കടത്ത് വിഷയം ഉണ്ടായപ്പോൾ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായി. റോഡ് ക്യാമറ വിവാദം വന്നപ്പോഴും തീപിടിച്ചു. കോവിഡ് കാലത്തെ മരുന്നു കൊള്ളയ്ക്ക് മന്ത്രിമാരടക്കം അന്വേഷണം നേരിടുന്ന വൻ അഴിമതിയാണ് നടന്നത്. രണ്ട് കൊല്ലത്തിനകം 9 എംഡിമാരാണ് കോർപറേഷനിലെത്തിയത്. വളരെ പ്രതീക്ഷയോടെ ഉണ്ടാക്കിയ സ്ഥാപനമാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ. ഇപ്പോൾ ആവശ്യത്തിൽ കൂടുതൽ മരുന്ന് വാങ്ങുന്ന സ്ഥാപനമായി മാറി. എംഡിമാർക്ക് സ്ഥാപനത്തിൽ ഇരിക്കാൻ പേടിയാണ്. ഭാവിയിൽ കേസിൽ പ്രതിയാകുമെന്ന് അവർക്കറിയാം. ഒരു എംഡിയെപോലും സ്ഥിരമായി ഇരുത്താൻ കഴിയാത്ത സ്ഥാപനമായി മാറി. കോർപറേഷനിലെ മുഴുവൻ ക്രമക്കേടുകളെക്കുറിച്ചും അന്വേഷിക്കണം.” – പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അതേസമയം, തീപിടിത്തത്തില്‍ അട്ടിമറി സംശയിക്കുന്നില്ലെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡി ജീവന്‍ ബാബു പറഞ്ഞു. ബ്ലീച്ചിങ് പൗഡറിന്റെ ഗുണനിലവാരം പരിശോധിക്കും. കൊല്ലത്തും തുമ്പയിലും ഗോഡൗണുകളില്‍ തീ പിടിച്ചതെങ്ങനെയെന്ന് വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.