തിരുവനന്തപുരം: ജൂണ്‍ 7 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ഇതിനായി ഗതാഗതമന്ത്രിയെ കണ്ട് സമരത്തിനു നോട്ടിസ് നല്‍കി.
വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ടിക്കറ്റ് നിരക്കിന്റെ പകുതിയാക്കുക, മിനിമം 5 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമ സംയുക്ത സമിതി മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ. യാത്രാനുകൂല്യത്തിന് വിദ്യാര്‍ഥികള്‍ക്കു പ്രായപരിധി നിശ്ചയിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. എന്നാൽ, മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ലെന്നും പരിഗണിക്കാമെന്ന് അറിയിച്ചതായും ബസ് ഉടമകള്‍ പറഞ്ഞു.
അതേസമയം, സ്വകാര്യ ബസ് സമരത്തെ തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. ഒരു വർഷം മുമ്പാണ് ഡീസൽ വില കൂട്ടിയതെന്നും അതിനുശേഷം വില വർധിച്ചിട്ടില്ലെന്നും സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച സമരത്തെ ന്യായീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.