തിരുവനന്തപുരം: കിഫ്ബിയില്‍ നിന്നെടുത്ത വായ്പയ്ക്കു കെ-ഫോണ്‍ തിരിച്ചടയ്ക്കേണ്ടത് വര്‍ഷം 100 കോടി രൂപ. വാണിജ്യ കണക്‌ഷനുകള്‍ നല്‍കിയും ഡാര്‍ക് ഫൈബര്‍ വാടകയ്ക്കു നല്‍കിയും പണം കണ്ടെത്താമെന്നാണു പ്രതീക്ഷ. വര്‍ഷം 350 കോടിയുടെ ബിസിനസ് കിട്ടിയില്ലെങ്കില്‍ കെ-ഫോണ്‍ നഷ്ടത്തിലാകും. കെ-ഫോണ്‍ പദ്ധതി നടപ്പിലാക്കുന്നതിനു കിഫ്ബിയില്‍നിന്ന് 1,011 കോടിയാണ് അനുവദിച്ചിട്ടുള്ളത്.

കിഫ്ബി അനുവദിച്ചതിൽനിന്ന് 600 കോടി എടുത്തു. ഈ പണം മൂന്നു വര്‍ഷം കഴിഞ്ഞാല്‍ പലിശസഹിതം തവണകളായി മടക്കി നല്‍കണം. വര്‍ഷം 100 കോടി വീതം. പദ്ധതി നടപ്പിലാക്കുന്ന ബെല്‍ കണ്‍സോര്‍ഷ്യത്തിന് 7 വര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ക്കായി 363 കോടി നല്‍കണം. ഈ പണം സര്‍ക്കാര്‍ കെ-ഫോണിന് നല്‍കില്ല. പകരം കെ-ഫോണ്‍ സ്വന്തം ബിസിനസില്‍നിന്ന് പണം കണ്ടെത്തണം. കെഎസ്ഇബിക്ക് 15 കോടി വര്‍ഷം തോറും നല്‍കണം. ഓഫിസ് ചെലവ് വര്‍ഷം 15 കോടി. ഇത്രയും ചെലവുകള്‍ക്കായി പ്രതിവര്‍ഷം 350 കോടിയുടെ ബിസിനസ് കിട്ടണം.

കിഫ്ബി വായ്പ മടക്കുന്നതിനായി വാണിജ്യപ്രവര്‍ത്തനങ്ങളില്‍നിന്ന് പണം കണ്ടെത്താനാണു കെഫോണ്‍ ശ്രമിക്കുന്നത്. സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള താരിഫ് പ്ലാനിന്‍റെ കാര്യത്തില്‍ ഉടന്‍ തീരുമാനമാകും. ഇതിനുപുറമെ ഡാര്‍ക് ഫൈബര്‍ വാടകയ്ക്കു നല്‍കാനും തീരുമാനിച്ചു. കിലോമീറ്ററിന് 20,000 രൂപയെങ്കിലും വര്‍ഷം വാടക കിട്ടുമെന്നാണ് പ്രതീക്ഷ. ഇന്‍റര്‍നെറ്റ് ലീസ് ലൈന്‍ വഴി 100 കോടി പ്രതീക്ഷിക്കുന്നു. ഫൈബര്‍ ടു ഹോം, സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് കണക്‌ഷന്‍ നല്‍കുന്ന കോ ലൊക്കേഷന്‍ സൗകര്യം, ഐപിടിവി, ഒടിടി തുടങ്ങിയവയില്‍നിന്നും വരുമാനം കിട്ടുമെന്നാണ് കെ-ഫോണിന്‍റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *