തിരുവനന്തപുരം: മിത്ത് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മലക്കം മറിഞ്ഞതോടെ സ്പീക്കർ എ.എൻ.ഷംസീറും തിരുത്തണമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയപ്പോൾ, സ്പീക്കർക്കു തിരുത്താതിരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ വാക്കുകൾ:
തിരുവനന്തപുരത്തു നടന്ന പത്രസമ്മേളനത്തിൽ ഗണപതി മിത്താണെന്ന് അദ്ദേഹം പഞ്ഞതാണ്. ഇപ്പോൾ ഡൽഹിയിൽ എത്തിയപ്പോൾ നേരെ തിരിഞ്ഞിരിക്കുകയാണ്. ഗണപതി മിത്താണെന്നു പറഞ്ഞിട്ടില്ലെന്നാണു അദ്ദേഹം പറയുന്നത്. ഞങ്ങൾ വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഗോവിന്ദന്റെ പുതിയ നിലപാടു മനസിലാക്കിക്കൊണ്ടു സ്പീക്കർ തന്റെ നിലപാട് തിരുത്തിയാൽ പ്രശ്നങ്ങൾ ഇവിടെ അവസാനിക്കും. പ്രശ്നങ്ങൾ വഷളാക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഗണപതി മിത്താണെന്നും ഗണപതിയെ പറ്റി മോശമായി പ്രതികരണം നടത്തിയപ്പോഴുമാണ് എല്ലാവരും പ്രതിഷേധിച്ചത്. എം.വി. ഗോവിന്ദൻ നിലപാട് തിരുത്തിയിരിക്കുന്നു, സിപിഎം തിരുത്തിയിരിക്കുന്നു. ഗണപതി മിത്താണെന്നു പറഞ്ഞിട്ടില്ലെന്നാണു അദ്ദേഹം സൂചിപ്പിക്കുന്നത്.
യഥാർഥ വിശ്വാസികളോടൊപ്പം ഞങ്ങൾ നിൽക്കുകയാണെന്നുകൂടി പറയുമ്പോൾ കോൺഗ്രസ് പറഞ്ഞിടത്തേക്കു എം.വി. ഗോവിന്ദൻ വന്നിരിക്കുകയാണ്. വൈകിയാണെങ്കിലും സിപിഎമ്മിനു വിവേകമുണ്ടായി. പാർട്ടി സെക്രട്ടറി തന്നെ മുൻപു പറഞ്ഞ കാര്യങ്ങൾ തിരുത്തിയിരിക്കുന്നു. വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കാൻ ആരും മുന്നോട്ടു വരരുത്. ഏതു സമൂഹത്തിന്റെ വിശ്വാസമാണെങ്കിലും അതിനെ ബഹുമാനിക്കണം. ബഹുമാനിച്ചില്ലെങ്കിലും അതിനെ അപമാനിക്കാതിരിക്കാനുള്ള സാമാന്യബോധം എല്ലാവരും കാണിക്കണം. ബിജെപിയും സിപിഎമ്മും വർഗീയ വേർതിരിവിനു ശ്രമിക്കുന്നു.