തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് 9 വാർഡുകളിലും എൽഡിഎഫ് 7 വാർഡുകളിലും, ബിജെപി ഒരു വാർഡിലും ജയിച്ചു. വ്യാഴാഴ്ചയായിരുന്നു വോട്ടെടുപ്പ്. ഒൻപത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 54 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. അതിൽ 22 പേർ സ്ത്രീകളാണ്.
കൊല്ലം ജില്ലയിൽ ഉപതിരഞ്ഞെടുപ്പു നടന്ന 2 വാർഡുകളിൽ ഒന്നു സിപിഎമ്മും ഒന്നു ബിജെപിയും നേടി. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പുഞ്ചിരിച്ചിറ വാർഡ് സിപിഎമ്മിൽനിന്നു ബിജെപി പിടിച്ചെടുത്തു. ആലപ്പുഴ തലവടി പഞ്ചായത്ത് 13-ാം വാർഡിൽ സിപിഎം സ്ഥാനാർഥി എൻ.പി.രാജൻ 197 വോട്ടിനു ജയിച്ചു.
കോട്ടയം വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവൻതുരുത്ത് ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി രേഷ്മ പ്രവീൺ 232 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. യുഡിഎഫിലെ ധന്യ സുനിലായിരുന്നു എതിർസ്ഥാനാർഥി. എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണ്.
എറണാകുളം ജില്ലയിൽ ഉപതിരഞ്ഞെടുപ്പു നടന്ന 4 പഞ്ചായത്ത് വാർഡുകളിലും യുഡിഎഫാണ് ജയിച്ചത്. തൃശൂർ മാടക്കത്തറ പഞ്ചായത്ത് 15–ാം വാർഡിലേക്ക് (താണിക്കുടം) നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഐയിലെ മിഥുൻ തീയത്തുപറമ്പിൽ ആണ് വിജയിച്ചത്.
മലപ്പുറം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ഒരു ബ്ലോക്ക് ഡിവിഷനും 3 ഗ്രാമ പഞ്ചായത്ത് വാർഡുകളും യുഡിഎഫ് നിലനിർത്തി. ഇതോടെ, പഞ്ചായത്തിൽ യുഡിഎഫിനും എൽഡിഎഫിലും 10 അംഗങ്ങൾ വീതമായി.
പാലക്കാട് പൂക്കോട്ടു കാവ് ഗ്രാമപഞ്ചായത്തിലെ വാർഡ് 7 താനിക്കുന്ന് എൽഡിഎഫ് സീറ്റ് നിലനിർത്തി. കോഴിക്കോട് വേളം പാലോടിക്കുന്ന് വാർഡ് യുഡിഎഫ് നിലനിർത്തി. 42 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്‌ലിം ലീഗിലെ ഇ.പി.സലിം ഇടതു സ്വതന്ത്രനായ പി.പി.വിജയനെ പരാജയപ്പെടുത്തി.
കണ്ണൂർ ജില്ലയിൽ ഉപതിരഞ്ഞെടുപ്പു നടന്ന രണ്ട് വാർഡുകളും സിപിഎം നിലനിർത്തി. ധർമടം പഞ്ചായത്തിലെ പരീക്കടവ് വാർഡിൽ ബി.ഗീതമ്മയും മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് വാർഡിൽ ബി.പി.റീഷ്മയും ജയിച്ചു.