കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർഥിച്ച്, മാതാവ് മറിയാമ്മ ഉമ്മന്റെ അനുഗ്രഹം വാങ്ങിയ ശേഷമാണ് ചാണ്ടി ഉമ്മൻ നിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയായിരുന്നപ്പോൾ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ ഉമ്മയാണ് ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്.
വെറുപ്പിന്റെ രാഷ്ട്രീയമല്ല രാഹുൽഗാന്ധി മുന്നോട്ടുവയ്ക്കുന്ന സ്നേഹത്തിന്റെ രാഷ്ട്രീയമാണ് ചർച്ചയാവേണ്ടതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഇനി ഒരു മുഖ്യമന്ത്രിക്ക് നേരെയും കല്ലേറ് ഉണ്ടാവരുത്. ഉമ്മൻചാണ്ടിയെ പോലെ ഒരു രാഷ്ട്രീയക്കാരനും വ്യക്തിപരമായി വേട്ടയാടപ്പെടരുതെന്നും പറഞ്ഞു. പാമ്പാടി ഇലക്ഷൻ കമ്മിറ്റി ഓഫീസ് സന്ദർശിച്ച ശേഷമാണ് പള്ളിക്കത്തോട്ടിലുള്ള പാമ്പാടി ബിഡിഒ ഓഫീസിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. ഇന്ന് പതിനൊന്നരയോടെയാണ് പത്രിക സമർപ്പിച്ചത്.
ബിജെപി സ്ഥാനാർഥി ലിജിൻ ലാലും നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തി. കേന്ദ്രമന്ത്രി വി.മുരളീധരൻ, കേരളത്തിന്റെ ചുമതലയുള്ള സഹപ്രഭാരി രാധാ മോഹൻ അഗർവാൾ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങി മുൻനിര നേതാക്കൾക്കൊപ്പം എത്തിയാണ് ലിജിൻ നാമനിർദേശ പത്രിക സമർപ്പിച്ചത്.