കോട്ടയം: നാടിന്റെ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാം എന്നു പറയുമ്പോൾ, അത് നാലാംകിട രാഷ്ട്രീയമാണ് എന്നു മറുപടി പറയുന്ന ദുരവസ്ഥയിലേക്കു കേരളത്തിലെ കോൺഗ്രസ് നേതൃത്വം എത്തിയത് ജനാധിപത്യത്തിന് അപമാനമാണെന്ന് മന്ത്രി വി.എൻ.വാസവൻ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നാലാം നിരയിലുള്ള നേതാക്കൾ വികസന ചർച്ചയ്ക്കു വിളിച്ചാൽ തങ്ങളെ കിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞത്.

പുതുപ്പള്ളിയെപ്പറ്റിയല്ല, കേരളത്തെക്കുറിച്ച് ചർച്ച ചെയ്യാമെന്നു പറഞ്ഞ സതീശൻ സംവാദത്തിനു തയാറാണോ എന്നു മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണു സമൂഹമാധ്യമത്തിൽ പ്രതികരണവുമായി വാസവൻ രംഗത്തെത്തിയത്.

‘‘കണ്ണൂരിന്റെ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാം എന്ന് യുഡിഎഫ് സ്ഥാനാർഥി പറഞ്ഞപ്പോൾ ഞങ്ങൾ അതിനു തയാറായി. അതിനുശേഷം ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വികസനത്തെക്കുറിച്ച് ഇല്ലാക്കഥ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു. അതിനു വസ്തുതകൾ നിരത്തി മറുപടി നൽകി. എന്തുകൊണ്ടാണ് നാടിന്റെ, കേരളത്തിന്റെ വികസനത്തെ കോൺഗ്രസ് നേതാക്കൾ ഭയപ്പെടുന്നത്?’

‘‘പ്രതിപക്ഷ നേതാവിന്റെ മറുപടി, സ്വന്തം സ്ഥാനത്തോടു കാണിക്കുന്ന അവഹേളനമാണ്. യുഡിഎഫിലെ ഘടകകക്ഷികൾക്കും നാടിന്റെ വികസന കാഴ്ചപ്പാട് സംബന്ധിച്ച് ഇതേ അഭിപ്രായമാണോ എന്ന് അവർ വ്യക്തമാക്കേണ്ടതുണ്ട്. ചർച്ചയിൽനിന്ന് ഒളിച്ചോടുന്നതിലൂടെ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ജനങ്ങൾക്ക് ഗുണകരമായ ഒരു വികസന പ്രവർത്തനവും നടന്നിട്ടില്ല എന്ന് പരസ്യമായി സമ്മതിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തിരിക്കുന്നത്. കേരളത്തിലെ യഥാർഥ വികസന വിരോധികൾ ആരാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.’– വാസവൻ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *