കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കും മകൻ വിവേകിനും സുരേഷ് ഗോപിക്കും ഈ നാട്ടിലെ എല്ലാവർക്കും നിയമം ഒന്നാണെന്ന ഓർമപ്പെടുത്തലുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ചോദ്യം ചെയ്യലിനായി സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനിരിക്കെയാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം. തൃശൂരിലെ വേദിയിൽവച്ച് എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ പ്രതികരിച്ചതു മുതൽ സുരേഷ് ഗോപിയോട് അവർക്ക് വലിയ ദേഷ്യമുണ്ടെന്ന് ശോഭ ആരോപിച്ചു. അദ്ദേഹത്തെ എങ്ങനെയും പ്രതിക്കൂട്ടിലാക്കാനുള്ള ശുഷ്കാന്തിയാണ് ഇവിടെ എത്തിനിൽക്കുന്നതെന്നും ശോഭ അഭിപ്രായപ്പെട്ടു.

‘‘കേരളത്തിലെ ആഭ്യന്തര മന്ത്രിക്കു വലിയ ദേഷ്യം സുരേഷ് ഗോപിയോടുണ്ട്. കേരളത്തിലെ മാർക്സിസ്റ്റു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ശക്തമായ ഭാഷയിൽ തൃശൂരിൽവച്ച് പ്രതികരിച്ച അന്നു മുതൽ തുടങ്ങിയതാണ് എങ്ങനെയെങ്കിലും സുരേഷ് ഗോപിയെ പ്രതിക്കൂട്ടിലാക്കാൻ കഴിയുമോ എന്ന അവരുടെ ശുഷ്കാന്തി. അതാണ് ഇന്ന് ഈ അവസ്ഥയിൽ എത്തിനിൽക്കുന്നത്.

‘‘എല്ലാവർക്കും നീതി വേണം. അത് കക്ഷിക്കും രാഷ്ട്രീയത്തിനും ജാതി, മത ചിന്തകൾക്കും അതീതമായി പൗരനുള്ള അവകാശമാണ്. ആ അവകാശം സുരേഷ് ഗോപിക്കുമുണ്ട്. ആ അവകാശത്തെ ധ്വംസിക്കാൻ പൊലീസ് പരിശ്രമിക്കരുതെന്നേ പറയാനുള്ളൂ. അതായത് എല്ലാവർക്കും ഒരേ നിയമമാണ് ഇവിടെയുള്ളത്. പിണറായി വിജയന്റെ മകൾ വീണയ്ക്കും മകൻ വിവേകിനും ഞങ്ങൾക്കും സുരേഷ് ഗോപിക്കുമെല്ലാം ഒരേ നിയമം തന്നെയാണ്. ആ നിയമം ഉറപ്പു വരുത്താനാണ് ഇവിടുത്തെ പൊലീസ് അധികാരികൾ പരിശ്രമിക്കേണ്ടത്.

‘‘കേരളത്തിന്റെ മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പു മന്ത്രി ഒരു കാര്യം മനസ്സിലാക്കണം. യഥാർഥ സ്ത്രീപീഡനക്കേസുകളിൽപ്പെട്ട ക്രിമിനലുകളെ നിങ്ങളുടെ കസേരയുടെ ചുവട്ടിൽ ഒളിപ്പിച്ചു വച്ചുകൊണ്ടാണ് നിങ്ങൾ ന്യായമുള്ള ഒരു മനുഷ്യനെതിരെ ഇത്തരമൊരു കേസുമായി കേരളത്തിന്റെ മണ്ണിൽ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്.” – ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യത്തിന്, ‘‘സുരേഷ് ഗോപി എന്തു ചെയ്തു എന്നു പറ‍ഞ്ഞാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്? അവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുരേഷ് ഗോപിയെ ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപിക്ക് ഇക്കാര്യത്തിൽ പറയാനുള്ളത് കേൾക്കാൻ. അതിനകത്തു നിലനിൽക്കുന്ന നിയമത്തിന് അുസരിച്ചു മാത്രമേ പൊലീസിന് ഒരിഞ്ചുപോലും മുന്നോട്ടു പോകാനാകൂ. അത്തരമൊരു ചോദ്യത്തിനേ പ്രസക്തിയില്ല.” – എന്നായിരുന്നു ശോഭ സുരേന്ദ്രന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *