കോഴിക്കോട്: ചലച്ചിത്ര നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ കഴമ്പില്ലെന്ന് പൊലീസിന്റെ വിലയിരുത്തൽ. നേരിട്ടുള്ള ലൈംഗികാതിക്രമം എന്ന 354 എ വകുപ്പ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിൽ സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടിസ് അയയ്ക്കില്ലെന്നാണു വിവരം. കേസിന്‍റെ ഫൈനല്‍ റിപ്പോര്‍ട്ടും കുറ്റപത്രവും ബുധനാഴ്ച സമര്‍പ്പിക്കും. കേസിലെ കണ്ടെത്തലുകളും കോടതിയെ ബോധ്യപ്പെടുത്തും.
കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ഇന്നലെ നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. രണ്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം നോട്ടിസ് നൽകി വിട്ടയയ്ക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ വീണ്ടും ഹാജരാകണമെന്നായിരുന്നു നോട്ടിസ്. എന്നാൽ, കേസിൽ കഴമ്പില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് അയയ്ക്കുന്നില്ലെന്ന തീരുമാനം.