പാലക്കാട്: ഭരണയന്ത്രം എങ്ങനെയാണ് ചലിക്കാൻ പോകുന്നതെന്നതിന്റെ ഉദാഹരണമാണ് നവകേരള സദസ്സെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. പര്യടനത്തിനായി ഉപയോഗിക്കുന്ന വാഹനം ടെണ്ടർ വച്ച് വിൽക്കാൻ നിന്നാൽ ഇപ്പോൾ വാങ്ങുന്നതിന്റെ ഇരട്ടി വില ലഭിക്കുമെന്നും എ.കെ. ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രചെയ്ത വാഹനം എന്ന നിലയിൽ മ്യൂസിയത്തിൽ വച്ചാൽ പോലും ലക്ഷക്കണക്കിനു പേർ കാണാൻ വരുമെന്നും എ.കെ. ബാലൻ പറഞ്ഞു.
‘‘പ്രതിപക്ഷം ഇതിൽ നിന്ന് മാറി നിൽക്കേണ്ട ഗതികേടിലാണ്. ഇപ്പോൾ മൂന്ന് പ്രതിപക്ഷ നേതാക്കളാണ് കേരളത്തിലുള്ളത്. ഉച്ചവരെ വി.ഡി സതീശൻ, ഉച്ചയ്ക്കുശേഷം രമേശ് ചെന്നിത്തല, രാത്രി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ’’– എ.കെ. ബാലൻ പരിഹസിച്ചു.
നവകേരള സദസ് ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു. ‘‘ചലിക്കുന്ന കാബിനെറ്റ് എന്നത് ഒരുപക്ഷേ, ലോകചരിത്രത്തിൽ ആദ്യമായിരിക്കും. ഇതിനെ തകർക്കാനാണ് ആഡംബര ബസ് എന്ന പ്രചാരണം നടത്തുന്നത്. ഇനിയെങ്കിലും ഈ പ്രചാരണം അവസാനിപ്പിക്കണം.’’– ബാലൻ പ്രതികരിച്ചു