കൊച്ചി: അന്തരിച്ച കാനം രാജേന്ദ്രന് വിട. അദ്ദേഹത്തിന്റെ ഭൗതികശരീരം കൊച്ചിയിൽനിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് എത്തിച്ചു. കാനത്തിന്റെ മകൻ സന്ദീപ്, കൊച്ചുമകൻ, മന്ത്രി പി.പ്രസാദ് എന്നിവർ അനുഗമിച്ചു. തിരുവനന്തപുരത്ത് സിപിഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തിൽ എത്തിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കെ.കെ.ശൈലജ, പി.കെ.ശ്രീമതി, എം.വിജയകുമാർ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. രണ്ടു മണിവരെയാണ് പട്ടത്ത് പൊതുദർശനം. അതിനുശേഷം എംസി റോഡ് വഴി കോട്ടയത്തേക്കു കൊണ്ടുപോകും. വിലാപയാത്ര മണ്ണന്തലയിൽ 2.30ന് എത്തും. 4.40ന് കൊല്ലം ചടയമംഗലത്തെത്തും. അടൂരിൽ 5.45ന്. ചെങ്ങന്നൂരിൽ 6.45ന്. ചങ്ങനാശേരിയിൽ 8ന്. രാത്രി 9 മണിക്ക് സിപിഐയുടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനം. കോട്ടയത്ത് സിപിഐ ജില്ലാ  കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു ശേഷം രാത്രി 11 മണിക്ക് കോട്ടയത്തെ കാനത്തുള്ള വസതിയില്‍ എത്തിക്കും. ഞായറാഴ്ച രാവിലെ 10നാണ് സംസ്കാരം.

കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് ശനിയാഴ്ചത്തെ നവകേരള സദസ്സ് മാറ്റിവച്ചു. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നിവിടങ്ങളിലെ നവകേരള സദസ്സാണ് മാറ്റിവച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് പെരുമ്പാവൂരിൽ നിന്ന് പര്യടനം തുടരും.

പ്രമേഹത്തെ തുടർന്നു വലതുകാൽ മുട്ടിനു താഴെ മുറിച്ചുമാറ്റി അമൃത ആശുപത്രിയിൽ കഴിയുകയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗം ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു നേരിയ ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹത്തെ ആദ്യം ഐസിയുവിൽ പ്രവേശിപ്പിച്ചു. പിന്നാലെ കടുത്ത ഹൃദയാഘാതമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *