തിരുവനന്തപുരം: ഗവർണറെ തടഞ്ഞ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ഐപിസി 143 , 147, 149, 283, 353 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഗവർണറുടെ ആവശ്യപ്രകാരം ഐപിസി 124 അനുസരിച്ചും കേസെടുത്തു. ഗവർണർക്കും രാഷ്ട്രപതിക്കും നേരെ അതിക്രമം ഉണ്ടായാൽ ഈ വകുപ്പ് അനുസരിച്ചാണ് കേസെടുക്കേണ്ടതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.

പ്രതികള്‍ കുറ്റക്കാരെന്നു തെളിഞ്ഞാല്‍. 7 വർഷം വരെ ശിക്ഷയും പിഴയും ലഭിക്കും. നിയമവിരുദ്ധമായി സംഘം ചേരുന്നതിനു ഐപിസി 143 അനുസരിച്ച് ആറു മാസം തടവോ പിഴയോ ലഭിക്കും. കലാപശ്രമത്തിന് ഐപിസി 147 അനുസരിച്ച് 2 വർഷം വരെ തടവും പിഴയും ലഭിക്കാം. സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് ഐപിസി 353 അനുസരിച്ച് രണ്ടുവർഷം വരെ തടവും പിഴയും രണ്ടുകൂടിയോ ലഭിക്കാം. ജാമ്യമില്ലാത്ത വകുപ്പാണിത്. എസ്എഫ്ഐ പ്രവർത്തകരായ യദുകൃഷ്ണൻ, അഷിഖ് പ്രദീപ്, ആഷിഷ് ആർ.ജി., ദിലീപ്, റയാൻ, അമൻ ഗഫൂർ, റിനോ സ്റ്റീഫൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

പൊതുവീഥികളിൽ ജാഥകളോ പ്രകടനമോ നടത്താൻ പാടില്ലെന്ന നിയമമുള്ളപ്പോൾ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 7 പേരും കണ്ടാലറിയാവുന്ന പത്തോളംപേരും ചേർന്ന് ഗവർണറെ തടഞ്ഞതായി എഫ്ഐആറിൽ പറയുന്നു. ഗവർണർ സഞ്ചരിച്ച വാഹനം തടഞ്ഞ് കറുത്ത തുണി ഉയർത്തിക്കാട്ടിയും ഗതാഗതം തടസ്സപ്പെടുത്തിയും പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതായും എഫ്ഐആറിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *