തിരുവനന്തപുരം: ഇനിയും വെല്ലുവിളിക്കാനാണു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഭാവമെങ്കിൽ അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നു മന്ത്രി വി.ശിവൻകുട്ടി. ചിറയിൻകീഴ് മണ്ഡലത്തിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കേരളത്തെ കലാപഭൂമിയാക്കാൻ സതീശൻ ഗൂഢാലോചന നടത്തുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോൺഗ്രസ്‌ ഗുണ്ടകൾ അഴിഞ്ഞാടിയതു സതീശന്റെ ഒത്താശയോടെയാണ്. പൊതുഖജനാവിനുണ്ടായ നഷ്ടങ്ങളുടെ ഉത്തരവാദി അദ്ദേഹമാണ്. സതീശൻ തരത്തിൽ കളിക്കണം. മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കാൻ തക്ക പൊക്കമൊന്നും സതീശനില്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ഉയർന്നുവന്ന നേതാവാണ് മുഖ്യമന്ത്രി. ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും സംരക്ഷിക്കാനും സതീശൻ നേതൃത്വം വഹിച്ച ഒരു പോരാട്ടം എടുത്തു പറയാനാകുമോ?

കേരളത്തിലെ പ്രതിപക്ഷത്തിന്റേത് നിഷേധാത്മക സമീപനമാണ്. എല്ലാ വികസന പദ്ധതികൾക്കും എതിരാണ് അവർ. കേരളത്തിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞ കേരളീയം പരിപാടിയും കേരളത്തിന്റെ ഭാവി വികസന പ്രവർത്തനങ്ങൾ അടക്കം ചർച്ച ചെയ്യുന്ന നവകേരള സദസ്സും പ്രതിപക്ഷം ബഹിഷ്കരിച്ചു. ഐക്യ ജനാധിപത്യ മുന്നണി എന്നതിനു പകരം ബഹിഷ്കരണ മുന്നണി എന്നതാണ് നല്ലത്. നവകേരള സദസ്സിന്റെ വിജയം കോൺഗ്രസ് നേതാക്കളുടെ മനോനില തെറ്റിച്ചിരിക്കുന്നു.” – ശിവൻകുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *