തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തിൽ ഡിജിപി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിലും പൊലീസ് നടപടിയിലും പ്രതികരണവുമായി എൽഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ഇന്നുണ്ടായത് സാധാരണ രീതിയിലുള്ള സമരരീതി അല്ലെന്നും കോൺഗ്രസിന്റെ ജാഥ ആരംഭിച്ചതു മുതൽ റോഡിന്റെ ഇരുവശങ്ങളിലുമുണ്ടായിരുന്ന ബോർഡുകളും ബാനറുകളും നശിപ്പിച്ചെന്നും റോഡ് മുഴുവൻ അഴിഞ്ഞാടിക്കൊണ്ടാണ് കോൺഗ്രസുകാർ ഡിജിപി ഓഫിസിനു മുന്നിലേക്ക് എത്തിയതെന്നും ജയരാജൻ പറഞ്ഞു.

‘‘അസാധാരണമായ ഒരു സംഭവമാണ് ഇന്ന് ഡിജിപി ഓഫിസിനു മുന്നിലുണ്ടായത്. ഡിജിപി ഓഫിസിനു മുന്നിൽ പ്രത്യേകം സജ്ജമാക്കിയ ലോറി സ്റ്റാൻ‍ഡിൽ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കളെല്ലാം സമ്മേളിച്ചു. ഇന്നുണ്ടായത് സാധാരണ രീതിയിലുള്ള സമരരീതി അല്ല. മ്യൂസിയത്തിൽനിന്നു ജാഥ ആരംഭിക്കുന്നതു തന്നെ റോഡ് മുഴുവൻ അഴിഞ്ഞാടിക്കൊണ്ടാണ്. വടിയും കമ്പി വടിയും ആർഎസ്എസ്‍കാർ ഉപയോഗിക്കുന്നതു പോലുള്ള വാളുകളും ഉപയോഗിച്ചു. റോഡിൽ കാണുന്നവരെയെല്ലാം ഭീഷണിപ്പെടുത്തി. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ബോർഡുകളും ബാനറുകളും എല്ലാം നശിപ്പിച്ചുകൊണ്ട്, ഭ്രാന്തുപിടിച്ചതു പോലെയുള്ള പ്രകടനമായി ‍‍‌‍ഡിജിപി ഓഫിസിനു മുന്നിലേക്ക് എത്തുന്നത്.

‘‘യൂത്ത് കോൺഗ്രസുകാർ നേരത്തെ തന്നെ വടിയും ആയുധങ്ങളും കരുതിവച്ചിരിക്കുകയായിരുന്നു. ധാരാളം കല്ലുകൾ പെറുക്കി കൂട്ടിയിരിക്കുകയായിരുന്നു. നേതാക്കൾ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ വ്യാപകമായി കല്ലേറ് തുടങ്ങി. പൊലീസ് ആദ്യം പിന്നോട്ടു മാറി. ഒരുതരത്തിലുള്ള സംഘർഷങ്ങളും ഉണ്ടാകരുത്, സമാധാനപരമായി നടക്കുമെങ്കിൽ നടക്കട്ടെ എന്നു കരുതി. അവരുടെ പുറപ്പാട് കണ്ടാൽ സമാധാനപരമായി നടക്കുമെന്ന് ആർ‌ക്കും തോന്നില്ല. എന്നിട്ടും പൊലീസ് പരമാവധി സംയമനം പാലിച്ചുകൊണ്ട് ഈ പ്രകോപനങ്ങളെയെല്ലാം നേരിട്ടുകൊണ്ട് പിന്നോട്ടു മാറി.

‘‘പക്ഷേ പ്രസംഗം നടന്നുകൊണ്ടിരിക്കുമ്പോൾ പൊലീസിനു നേരേ തുരുതുരാ കല്ലേറുണ്ടായി. മറ്റു വശങ്ങളിൽനിന്ന് ഓടി വന്ന് അവർ പൊലീസിനെ ആക്രമിക്കുന്നു. പൊലീസിനു നേരെ ആക്രമണമുണ്ടായാൽ പിന്നെയെന്താ ചെയ്യുക? അഴിഞ്ഞാടാൻ അനുവദിക്കണോ? പൊലീസിന്റെ മാർഗം അക്രമികളെ തുരത്തുക എന്നുള്ളതാണ്. പൊലീസ് ആഭ്യർഥിച്ചു, ആരും പിരിഞ്ഞുപോകുന്നില്ല. ഇതു നടക്കട്ടെ എന്ന ധാരണയിലാണ് സ്റ്റേജിലിരിക്കുന്ന നേതാക്കളെല്ലാം. വി.ഡി സതീശനും കെ.സുധാകരനുമെല്ലാം അക്രമത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

‘‘അക്രമങ്ങൾ ഉണ്ടാകാതെ നേക്കേണ്ടത് പൊലീസിന്റെ ചുമതലയാണ്. അങ്ങനെ സംഭവിച്ചാൽ പൊലീസിനു പ്രതിരോധിക്കേണ്ടി വരും. പൊലീസ് ലാത്തി ചാർജ് നടത്തും, കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിക്കും. ഇതിനെയെല്ലാം മറികടക്കാൻ കല്ലും ആയുധങ്ങളും പറങ്കിപ്പൊടി മുട്ടയിൽ നിറച്ചുകൊണ്ടും വന്നിരിക്കുകയായിരുന്നു. ഇതെറിഞ്ഞപ്പോൾ സമാധാനം സ്ഥാപിക്കാൻ പൊലീസിനു കണ്ണീർവാതകം ഉപയോഗിക്കേണ്ടി വന്നു. അപ്പോൾ സ്വാഭാവികമായും ചിലർക്ക് തലചുറ്റലുണ്ടാകും, എരിച്ചിലുണ്ടാകും. അക്രമണത്തിന് ആഹ്വാനം ചെയ്‌താൽ പ്രതിപക്ഷ നേതാവ് അല്ല ആരായാലും പൊലീസ് നടപടി സ്വീകരിക്കും. കെ. സുധാകരന് സുഖമില്ല, അങ്ങനെയുള്ള ഒരാൾ കല്ലേറിനും അടിപിടിക്കും വരണോ. അങ്ങനെയുള്ള ഒരാളെ മുന്നിൽ നിർത്തി ഈ വൃത്തികെട്ട കളി കളിക്കണോ.’’– ഇ.പി.ജയരാജന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *