തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രഖ്യാപനത്തെ പരോക്ഷമായി വിമർശിച്ച് വി.കെ.പ്രശാന്ത് എംഎൽഎ. ഇലക്ട്രിക് ബസുകൾ നയപരമായ തീരുമാനമാണെന്നും നഗരവാസികള്‍ ഇതിനോടകം സ്വീകരിച്ചെന്നും പ്രശാന്ത് ഫെയ്സ്ബുക്കിൽ കുറിച്ചു. ഈ സർവീസുകൾ ലാഭകരമാക്കുകയും കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കുകയുമാണ് കെഎസ്ആര്‍ടിസി ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ഇലക്ട്രിക് ബസുകൾ ഇനി വാങ്ങില്ലെന്ന പ്രഖ്യാപനവുമായി കെ.ബി. ഗണേഷ് കുമാർ രംഗത്തുവന്നത്. 814 കോടി രൂപയാണ് ബസ് വാങ്ങുന്നതിന് കിഫ്ബി വായ്പ അനുവദിച്ചത്. ഈ പണം ഉപയോഗിച്ച് 500 ഇലക്ട്രിക് ബസുകൾ വാങ്ങുമെന്നാണ് സർക്കാർ നാലുവർഷമായി പറഞ്ഞിരുന്നത്. വാങ്ങുന്നത് ഹരിതോർജ ബസുകളായിരിക്കണം എന്നായിരുന്നു കിഫ്ബിയുടെ നിബന്ധന.

ആദ്യം വാങ്ങിയ 50 ഇലക്ട്രിക് ബസുകളാണ് തിരുവനന്തപുരം നഗരത്തിലെത്തിയത്. ബാക്കി ബസുകൾ വാങ്ങുന്നതിന് വായ്പ സംബന്ധിച്ച് മന്ത്രിതല ചർച്ച നടന്നു. അടുത്ത ഘട്ടത്തിൽ വീണ്ടും 500 ഇലക്ട്രിക് ബസുകൾ കൂടി വാങ്ങുമെന്നായിരുന്നു പ്രഖ്യാപനം. 950 ഇലക്ട്രിക് ബസുകൾ ലഭിക്കുന്ന പ്രധാനമന്ത്രി ഇ–സേവാ ബസ് പദ്ധതിയും പുതിയ നിലപാട് മൂലം അനിശ്ചിതത്വത്തിലാകും.

‌തലസ്ഥാന നഗരത്തിൽ ഓടുന്ന 113 ഇലക്ട്രിക് ബസുകൾ സ്മാർട്സിറ്റി പദ്ധതി വഴി ലഭിച്ചതാണ്. ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിന് 100 കോടിയാണ് സ്മാർട്സിറ്റി പദ്ധതി നൽകിയത്. പൂർണമായും ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്ന നഗരമാകും തിരുവനന്തപുരം എന്നായിരുന്നു മന്ത്രിയായിരുന്നപ്പോൾ ആന്റണി രാജുവിന്റെ പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *