കൊല്ലം: എൻഎസ്എസ് നാമജപ ഘോഷയാത്ര നടത്തുന്നതിനിടെ സ്പീക്കർ എ.എൻ. ഷംസീറിന്റെ പേരിൽ ശത്രു സംഹാര അർച്ചന. കൊല്ലം ഇടമുളയ്ക്കൽ മണികണ്ഠേശ്വര മഹാദേവ ക്ഷേത്രത്തിലാണ് അസുരമംഗലം എൻഎസ്എസ് 2128 നമ്പർ കരയോഗം പ്രസിഡന്റ് അഞ്ചൽ ജോബ് അർച്ചന നടത്തിയത്. എ.എൻ ഷംസീർ, ആയില്യം നക്ഷത്രം എന്ന പേരിലായിരുന്നു അർച്ചന.

രാഷ്ട്രീയവും മതവും വെവ്വേറെയാണെന്ന് അർച്ചന നടത്തിയ അഞ്ചൽ ജോബ് പറഞ്ഞു. വിദ്യാഭ്യാസ ഉന്നമനം പോലെയുള്ള നല്ലകാര്യങ്ങളിലാണ് എന്‍എസ്എസ് ഇടപെടേണ്ടത്. അല്ലാതെ മതപരമായ കാര്യങ്ങളിലല്ലെന്നും അതുകൊണ്ടാണ് ഷംസീറിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘ഒരു വീടുപോലുമില്ലാത്ത പാവങ്ങൾ എൻഎസ്എസിൽ ഉണ്ട്. ഡിഗ്രിയും പിജിയും കഴിഞ്ഞ് ജോലിയില്ലാതെ നിൽക്കുന്നവരുണ്ട്. അവർക്കു വേണ്ടി ശബ്ദമുയർത്താൻ എൻഎസ്എസ് നേതൃത്വം തയാറാകുന്നില്ല. രാഷ്ട്രീയപരമായി എൻഎസ്എസിനെ കൊണ്ടുപോകുന്നതിൽ അതൃപ്തിയുണ്ട്. സമുദായവും രാഷ്ട്രീയവും വേറെയാണ്. സമുദായത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നതിൽ എനിക്കു പ്രതിഷേധമുണ്ട്. ഷംസീർ പറഞ്ഞതിലെ തെറ്റ് എന്താണ്? പുരാണത്തിലെ ഏതെങ്കിലും കഥാപാത്രങ്ങളാണോ പ്ലാസ്റ്റിക് സർജറി നടത്തിയത്. പുരാണകഥാപാത്രങ്ങളല്ല പ്ലാസ്റ്റിക് സർജറി നടത്തിയതെന്നാണ് അദ്ദേഹം പറഞ്ഞത്. അതിൽ തെറ്റ് എന്താണ്? സമുദായ സംഘടനയുടെ നേതാവ് വോട്ട് ചെയ്ത് ഇറങ്ങിയ ശേഷം പ്രസ്തുത വ്യക്തിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടാറുണ്ട്. അത് ശരിയാണോ. ഇവിടെ മറ്റു സമുദായ സംഘടനകളൊന്നും അഭിപ്രായം പറഞ്ഞില്ല. എൻഎസ്എസിനു മാത്രം എന്തുകൊണ്ടാണ് സിപിഎമ്മിനോട് അവഗണന. രാഷ്ട്രീയത്തെ രാഷ്ട്രീയമായും സമുദായ പ്രവർത്തനത്തെ സമുദായ പ്രവർത്തനമായും കാണണം. സ്വന്തം സമുദായത്തിലെ പാവങ്ങളെ സഹായിക്കാൻ തയാറാകണം. നേതൃത്വം തിരുത്തണം.’’– അഞ്ചൽ ജോബ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *